ചിങ്ങൻ ചിറ പ്രകൃതിക്ഷേത്രഭൂമിയിൽ.
ചിങ്ങൻ ചിറ പ്രകൃതിക്ഷേത്രഭൂമിയിൽ.
പാലക്കാട്, കൊല്ലങ്കോട് നിന്നും ഏകദേശം 10 കി.മി. തെക്ക് കിഴക്കായി നെല്ലിയാമ്പതി മലനിരകളുടെ അടിവാരത്താണ് ചിങ്ങൻചിറ ശ്രീ കറുപ്പസ്വാമി പ്രകൃതിക്ഷേത്രം. ക്ഷേത്രം എന്നു പറയുമ്പോൾ, ശ്രീകോവിലോ കെട്ടിടങ്ങളോ ഒന്നും തന്നെയില്ല.
ശിഖരങ്ങളിൽ നിന്നും താഴോട്ടിറങ്ങിനിൽക്കുന്ന വലിയൊരു ആൽമരക്കൂട്ടവും അതിനു അരികുചേർന്ന് വലിയൊരു ചിറ(കുളം)യുമാണ് ഇവിടത്തെ മുഖ്യ ആകർഷണം.



വലിയ ആൽമരത്തിന്റെ ചുവട്ടിൽ വേരുകൾക്കിടയിൽ ഒരു ചെറിയ കല്ലിൽ തീർത്ത ആരാധനാവിഗ്രഹമുണ്ട്, ശ്രീ കറുപ്പസ്വാമിയുടെ. പക്ഷേ അവിടെയുള്ള ഒരാൾ പറഞ്ഞത്, ദേവനോ ദേവിയോ അല്ലാ, പ്രകൃതിയിലുള്ള ഈശ്വരനെ പ്രാർത്ഥിക്കുക, ആരാധിക്കുക എന്നാണ്.

പണ്ട് കാലം തൊട്ടേ സമീപപ്രദേശങ്ങളിലുള്ളവർ ഇവിടെ വന്ന് പ്രാത്ഥിക്കുകയും നേർച്ച നേരുകയും ചെയ്യുന്നു. വർഷാവർഷം കുടുംബമായി വന്ന്, കാര്യസാധ്യത്തിനായി പലവിധ നേർച്ചകളും നേരുന്നു.

സ്വന്തമായി പൂജ ചെയ്ത്, പ്രാപ്തിക്കനുസരിച്ച്, കോഴിയേയോ ആടിനേയോ കുരുതി കൊടുത്ത്, തൊട്ടടുത്ത് സ്ഥലത്ത് അടുപ്പ് കൂട്ടി ചോറും മാംസവും കറിയും വെച്ച് മൂർത്തിക്ക് നേദിച്ച് തൊഴുത് അനുഗ്രഹം വാങ്ങുന്നവരുണ്ട്.

ഇതുപോലുള്ള കുരുതി കൊടുക്കാറുള്ള ചില പ്രകൃതിക്ഷേത്രങ്ങളിൽ മാംസാഹാരത്തോടൊപ്പം കള്ളും പ്രസാദമായി നേദിച്ച് കഴിക്കാറുണ്ട്.
ഓരോരുത്തരും കാര്യസാധ്യത്തിനു നേർച്ച നേർന്നതിന്റെ പ്രതീകമായി സമർപ്പിച്ചിട്ടുള്ള അനേകം വസ്തുക്കൽ ഈ വലിയ ആൽമരത്തിന്റെ പല ഭാഗത്തും തൂക്കിയിട്ടിരിക്കുന്നതു കാണാം. വീട്, ലോറി, കാർ, ആട്ടോറിക്ഷ, കുട്ടികൾക്കുള്ള തൊട്ടിൽ, മണികൾ, മഞ്ഞ/ചുവന്ന പട്ട് കഷണം തുടങ്ങി ഭക്തർ സമർപ്പിച്ച പലതും ഈ മരത്തിൽ ബന്ധിച്ചിരിക്കുന്നു. വിശ്വാസമാണല്ലോ എല്ലാം.

ആഴയിൽ ചില പ്രത്യേക ദിവസങ്ങളിൽ ഇവിടെ പൂജക്കായി കൂടുതൽ ഭക്തജനങ്ങൾ എത്തുന്നു. വ്യാധികൾ മാറുന്നതിനു, കൃഷിയും കന്നുകാലി സമ്പത്ത് അഭിവൃദ്ധിപ്പെടുന്നതിനും മറ്റുമായി വിശ്വാസികൾ പണ്ടുതൊട്ടേ ചെയ്തുവരുന്ന അചാരമാണ്.

കുറച്ചു വർഷം മുമ്പ് വരെ തിരക്കില്ലാത്ത ദിവസങ്ങളിലും മറ്റും ചിലർ അൽപ്പം പൂസാകാനും ചീട്ടുകളിക്കാനുമായി ഇവിടം ദുരുപയോഗം ചെയ്തിരുന്നു. മരങ്ങളുടെ ഉയർന്നുനിൽക്കുന്ന വേരുകൾ നിറയെ ഉള്ളതിനാൽ അൽപ്പം മറഞ്ഞിരുന്നു സേവിക്കാൻ പറ്റിയ സ്ഥലം.

ഇവിടെ ഇപ്പോൾ മദ്യപാനം നിരോധിച്ചിരിക്കയാണ്, അതിന്റെ മുന്നറിയിപ്പു പലകവും സ്ഥാപിച്ചിട്ടുണ്ട്. ശ്രീ ഏകലവ്യ ട്രസ്റ്റാണ് ഇതിനു മേൽനോട്ടം വഹിക്കുന്നത്.

രാവിലെ തന്നെ കുടുംബാംഗങ്ങളുമായി എത്തുന്ന ഭക്തജനങ്ങൾ പാചകത്തിനായി നീക്കിയിരിക്കുന്ന സ്ഥലങ്ങളിൽ അടുപ്പ് കൂട്ടി ചോറും കറികളും നിവേദ്യവും തയ്യാറാക്കുന്നു.


കുരുതി കൊടുക്കാൻ കൊണ്ടുവന്ന കോഴിയോ ആടിനേയോ കറുപ്പുസ്വാമി പ്രതിഷ്ടയുടെ അടുത്തുകൊണ്ടുപോയി തീർത്ഥജലം കൊടുക്കുന്നു. പിന്നീട് വെളിയിൽ കുരുതി കഴിച്ച് മാംസം പാകം ചെയ്ത് ഇതും നിവേദിക്കും. കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളുമായി ഈ 'പിക്നിക്ക്' പൂജയിൽ ഇന്നത്തെക്കാലത്ത് അൽപം 'മറ്റവൻ' ഇല്ലാതെ എങ്ങിനെയാ. അപ്പോൾ പിന്നെ ഒളിഞ്ഞും തെളിഞ്ഞും വണ്ടിയിലിരുന്നുമൊക്കെ അൽപം വീശുക തന്നെ.
കുട്ടികൾക്കാണെങ്കിൽ കളിക്കാൻ നിറയെ സ്ഥലവുമുണ്ട്.

വള്ളിയിൽ തൂങ്ങിയുള്ള ഊഞ്ഞാലാട്ടം, മരംകയറി കളി, കണ്ണുപൊത്തിക്കളി അങ്ങനെ അങ്ങനെ.


കമിതാക്കളുടെ ഒരു പ്രധാന കേന്ദ്രമാണിപ്പോൾ ഇവിടം. അങ്കത്തിനുപോയാൽ രണ്ടുണ്ട് കാര്യം, അങ്കവും കാണം താളിയും ഒടിക്കാം എന്നു പറഞ്ഞപോലെ. ബൈക്കിലോ ആട്ടോയിലോ എത്തി പ്രണയസാഫല്യത്തിനായി പ്രാർത്ഥിച്ച് നേർച്ചയും നേരാം, ഇത്തിരിനേരം ഏതെങ്കിലും ആൽമരച്ചുവട്ടിലെ വേരിന്റെ മറവിലിരുന്ന് അൽപം പ്രണയസല്ലാപവുമാവാം.

ചിങ്ങൻചിറയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി നിരവധി മലയാളം/തമിഴ് സിനിമകളും ഹിറ്റ് മ്യൂസിക് വീഡിയോ ആൽബങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. (ഇപ്പോൾ ടിവിയിൽ കാണിക്കുന്ന ഇന്ദ്രജിത്തിന്റെ "ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖി" എന്ന ഗാനരംഗത്തിലും ഇവിടം ഉൾപ്പെടുത്തിയിട്ടുണ്ട്).

(ചിങ്ങൻചിറയിൽ നിന്നും ഏകദേശം 2-3 കി.മി. മലയടിവാരത്തിലേക്ക് നടന്നാൽ സീതാർകുണ്ട് വെള്ളച്ചാട്ടത്തിന്റെ താഴ്‌വശത്ത് എത്താം. വനവാസക്കാലത്ത് ശ്രീരാമനും സീതയും ഇവിടെ താമസിച്ചിരുന്നതായും സീത ഇവിടത്തെ അരുവിയിൽ കുളിച്ചതായും ഐതിഹ്യം. മഴക്കാലത്തുമാത്രമേ വെള്ളച്ചാട്ടം ദൃശ്യമാകൂ.)

ഇതേ രീതിയിൽ പൂജയും മറ്റും നടത്തുന്ന പ്രകൃതിക്ഷേത്രങ്ങൾ വേറെയും പാലക്കാട് ജില്ലയിൽ ഉണ്ടെങ്കിലും, ഇത്രയും പ്രകൃതിമനോഹരമായ ഒന്ന് വേറെ കാണില്ല.
5 comments | അഭിപ്രായങ്ങള്‍:
ചിങ്ങൻചിറ പ്രകൃതി ക്ഷേത്രത്തെക്കുറിച്ച് ഒരു സചിത്രലേഖനം.
മനോഹരമായ ആശയം ,,മനോഹരമായ ചിത്രങ്ങള്‍ ..പ്രകൃതി ദേവോ ഭവ :
chithrangalum,vivaranavum manoharamayittundu..... aashamsakal......
വിവരണവും ചിത്രങ്ങളും മനോഹരമായിരിക്കുന്നു കൃഷ്. അഭിനന്ദനങ്ങള്‍.
NIce one
All the Best
Post a Comment