Friday, December 31, 2010
Monday, December 20, 2010
ഖസാക്കിന്റെ ഇതിഹാസഭൂമിയിലൂടെ.
ഖസാക്കിന്റെ ഇതിഹാസഭൂമിയിലൂടെ.
ഖസാക്ക് എന്ന് കേൾക്കുമ്പൊഴേക്കും ഒ.വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസ'മാണ് ഓർമ്മയിലെത്തുക. ഈ പ്രസിദ്ധ നോവലിന്റെ കഥാപാശ്ചത്തലമായ തസ്രാക്ക് ഗ്രാമം കാണണമെന്ന് കൊച്ചിയിലെ രണ്ട് മൂന്ന് സുഹ്രുത്തുക്കൾ ആഗ്രഹം പറഞ്ഞതനുസരിച്ചായിരുന്നു തസ്രാക് യാത്ര. കഥയിൽ പ്രതിപാദിച്ചിരുന്ന പലതും ഇപ്പോൾ അവിടെയില്ല. എങ്കിലും ഒന്നു പോയിവരാമെന്ന് കരുതി. അങ്ങനെ കുറച്ച് ദിവസം മുമ്പ് ഒരു സുപ്രഭാതത്തിൽ, പാലക്കാട് നിന്നും ഏകദേശം 6-7 കി.മി. കൊല്ലങ്കോട് റൂട്ടിൽ പോയി , കനാൽപാലത്തിൽ വെച്ച് ഇടത്തോട്ട് 2-3 കി.മി. സഞ്ചരിച്ച്, കനാലും, പനകളും നെൽപ്പാടങ്ങളും കൃഷിപ്പണികളും മറ്റും ക്യാമറയിൽ പകർത്തി ഞങ്ങൾ തസ്രാക്കിൽ എത്തി.
ഈ ഗ്രാമീണ കാഴ്ചകളൊന്നും എന്നെ സംബന്ത്തിച്ചിടത്തോളം പുതുമയുള്ളതല്ല.
'ഖസാക്കിന്റെ ഇതിഹാസം' മുഴുവനായി ഞാൻ വായിച്ചിട്ടില്ല. പണ്ടെങ്ങോ, നാട്ടിലെ ലൈബ്രറിയിൽ നിന്നും കോട്ടയം പുഷ്പനാഥ്, മുട്ടത്ത് വർക്കി, അയ്യനേത്ത്, വല്ലച്ചിറ മാധവൻ, വേളൂർ കൃഷ്ണങ്കുട്ടി തുടങ്ങിയവരുടെ രചനകൾ വായിച്ചിരുന്ന സമയത്താണ്, പുറംചട്ട പോയ ഈ ഇതിഹാസം കൈയ്യിൽ കിട്ടുന്നത്. ഡിറ്റക്ടീവ് നോവലും പൈങ്കിളി നോവലുകളിലും അന്നു താൽപ്പര്യമുണ്ടായിരുന്നതുകൊണ്ടായിരിക്കണം 'ഖസാക്കിന്റെ ഇതിഹാസം' കുറച്ച് വായിച്ച് തിരികെകൊടുത്തത്. അതിനുശേഷം ഇതുവരെയും ഇത് വായിക്കാൻ അവസരം കിട്ടിയില്ല. ഗുരുസാഗരം എടുത്ത് കുറച്ച് പേജുകൾ വായിച്ച് അന്ന് തിരിച്ചുകൊടുത്തതും ഇതുകൊണ്ടായിരിക്കണം. അതുകൊണ്ടുതന്നെ ആ ഇതിഹാസത്തിലെ കഥപാശ്ചാത്തലത്തെക്കുറിച്ച് ഒരു ഏകദേശധാരണം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഞങ്ങൾ ആദ്യം ചെന്നത് കഥയിൽ പ്രതിപാദിച്ചിരിക്കുന്ന 'ഓത്ത്പള്ളി'യുടെ മുമ്പിലാണ്. പഴയ പള്ളിയിൽ മിനാറെല്ലാം കെട്ടി പുതുക്കി പണിയുകയാൺ.
പള്ളി കവാടത്തിനുമുന്നിലായി മുക്രിയാണെന്നു തോന്നുന്നു, ഒരാൾ ഇരിപ്പുണ്ട്. അള്ളാപ്പിച്ചാ മൊല്ലാക്കയുടെ നവപതിപ്പാണോ ഇദ്ദേഹം എന്നു മനസ്സിൽ തോന്നി. സുഹൃത്ത് അകത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ അയാൾ വിലക്കി. ഈയിടെയായി നിസ്കാരത്തിനല്ലാതെ വെറുതെ കാണാനായി സന്ദർശകരെ അകത്തു പ്രവേശിപ്പിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കയാണ്.
സുഹൃത്ത് അയാളോട് കുറെ കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു. അവസാനം കൈയ്യിൽ ഒരു നോട്ട് വെച്ച് കൊടുത്തപ്പോൾ അയാൾക്ക് വലിയ സന്തോഷമായി. പള്ളിക്ക് സമീപത്തായി കുറെ വീടുകളും തൊട്ടടുത്ത് രണ്ട് മൂന്ന് കടകളും ഉണ്ട്. മുൻവശത്ത് പ്രകൃതിരമണീയമായ നെൽപ്പാടങ്ങളും തെങ്ങുകളും കണ്ണിനു കുളിരേകുന്ന കാഴ്ചയായി.
ജീവിതവും ഭാവനയും കോർത്തിണക്കി മിനഞ്ഞെടുത്ത ഖസാക്കിന്റെ ഇതിഹാസത്തിലെ മൈമുനയുടെയും അള്ളാപ്പിച്ചാ മൊല്ലാക്കയുടെയും രവിയുടെയും സൃഷ്ടാവായ ഒ.വി. വിജയനെക്കുറിച്ച് പറയാൻ പഴയ തലമുറയിലെ ഒരാൾ അപ്പോൾ ആ വഴി വന്നു.


ആദ്യകാലത്ത് ഇത്രയൊന്നും അറിയപ്പെട്ടിട്ടില്ലാത്ത ഈ കുഗ്രാമത്തിലേക്ക് പിന്നീട് സിനിമാ/ടി.വി.ക്കാരും മറ്റു സന്ദർശകരും വന്നതോടെയാണ് 'ഖസാക്കി'ന്റെ പ്രശസ്ത്തിയെക്കുറിച്ച് ഇവർ ബോധവാന്മാരാകുന്നത്.
പള്ളിക്ക് പുറകുവശത്തെ കുളവാഴയും പായലും നിറഞ്ഞ കുളം.
പള്ളിക്ക് അധികം അകലെയല്ലതെയാണ് കഥയിൽ രവിയും, ജീവിതത്തിൽ കുറച്ചുകാലം (സഹോദരിയുടെ കൂടെ) ഒ.വി. വിജയനും താമസിച്ചിരുന്ന കളപ്പുര വീട്.
ഞങ്ങൾ ചെല്ലുമ്പോൾ വീട്ട് മുറ്റത്ത്, കൊയ്ത്ത് കഴിഞ്ഞ് കറ്റ മെതിച്ച് നെല്ലു പാറ്റുന്ന ജോലിയിലായിരുന്നു കുറച്ചുപേർ. കളപ്പുരയായി ഉപയോഗിക്കുന്നതുകൊണ്ടാവണം അവിടെ ഇപ്പോൾ ആരും താമസമുണ്ടെന്നു തോന്നുന്നില്ല.
കറ്റ തല്ലിയ നെൽമണികൾ നെല്ലും പതിരും തിരിക്കാനായി മുറത്തിലാക്കി കാറ്റത്തിടുകയാണ് പണിക്കാർ. മിക്കയിടങ്ങളിലും കൊയ്ത്തും മേഷിൻ വന്നതുകാരണം കൈകൊണ്ട് കൊയ്യുന്നതും കറ്റമെതിക്കുന്നതുമായ കാഴ്ചകൾ വിരളമായി.
അവശേഷിക്കുന്ന പാടങ്ങളിലും നെൽകൃഷി തുടരുന്നിടംവരെ നമുക്ക് ഈ അന്യം നിന്നുപോകുന്ന കാഴ്ച കാണാം.
ഖസാക്കിന്റെ ഇതിഹാസത്തിൽ പ്രതിപാദിച്ചിരിക്കുന്ന ഓത്തുപള്ളിയും കളപ്പുര വീടും മാത്രമേ ഞങ്ങൾക്ക് അവിടെ കാണാൻ കഴിഞ്ഞുള്ളൂ.
***
(അവസാനം കിട്ടിയ വാര്‍ത്ത:
ഗ്രാമീണ ടൂറിസത്തിന്റെ ഭാഗമായി തസ്രാക്ക് ഗ്രാമത്തിലേക്ക് ഒരു പ്രവേശന കവാടം, നോവലിലെ കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും കൊത്തിയ ഗ്രാനൈറ്റ് പാളികള്‍കൊണ്ടാണ് മൂന്നുതട്ടുകളുള്ള കമാനം, തണ്ണീര്‍പന്തലിനടുത്ത് കൂമന്‍കാവില്‍ പണിയാന്‍ പോകുന്നു. തസ്രാക്കിനെ ഗ്രാമീണ ടൂറിസംവില്ലേജായി പ്രഖ്യാപിക്കാന്‍ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായാണ് പ്രവേശനകവാടം നിര്‍മിക്കുന്നത്. സാഞ്ചിയിലെ സ്തൂപത്തിന്റെ മാതൃകയില്‍ പാലക്കാട്ടെ ചിത്രകാരന് ബൈജുദേവ് ആണ് കവാടം രൂപകല്പന ചെയ്തിരിക്കുന്നത്. 'ഖസാക്കിന്റെ ഇതിഹാസ'ത്തില്‍ നിറഞ്ഞുനില്ക്കുന്ന കരിമ്പനകള്‍ ആലേഖനംചെയ്ത തൂണുകളിലാണ് കമാനം. ഡിസംബര്‍ 31ന് കവാടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് നടക്കും. അതോടൊപ്പം 'തസ്രാക്കിലേക്ക് വീണ്ടും' എന്ന പേരില്‍ ഒരു പരിപാടിയും ഒരുക്കുന്നുണ്ട്. ഒ.വി.വിജയന് സ്മാരകസമിതി, ഡി.ടി.പി.സി., ജില്ലാപഞ്ചായത്ത്, ജില്ലാ ഭരണകൂടം, കേരള സാഹിത്യഅക്കാദമി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണിത്. സ്മാരകസമിതിയുടെ ഉദ്ഘാടനം ഒ.വി.വിജയന്റെ സുഹൃത്തുക്കളുടെയും ആരാധകരുടെയും ഒത്തുചേരല്‍ എന്നിവയടങ്ങിയ ഒരു മുഴുദിന പരിപാടിയാണ് ഒരുക്കുന്നത്. -- കട~: മാതൃഭൂമി ).
Posted by krish | കൃഷ് at 1:30 PM 22 comments | അഭിപ്രായങ്ങള്‍
Labels: ഖസാക്ക്, ചിത്രങ്ങള്‍, തസ്രാക്ക്, യാത്രാ, ലേഖനം
Friday, December 10, 2010
ഈ വഴിയിലൂടെ ഇത്തിരി നേരം.
Posted by krish | കൃഷ് at 10:08 AM 8 comments | അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍.