തൃശൂരിൽ പുലിതാണ്ഡവം.
ഓണം കഴിഞ്ഞ് നാലാം നാൾ തൃശ്ശൂർ നഗരം അക്ഷരാർത്ഥത്തിൽ ‘പുലികൾ’ കീഴടക്കി. വിവിധ ദേശങ്ങളിൽ നിന്നുള്ള പുലിക്കളി സംഘങ്ങൾ ഇന്നലെ വൈകീട്ട് നാലരയോടെ തൃശൂർ സ്വരാജ് റൗണ്ടിലെത്തിയപ്പോൾ ഇടക്കിടെയുള്ള ചാറ്റൽ മഴയെ അവഗണിച്ച് ആയിരക്കണക്കിനാളുകൾ പുലിക്കളി ആസ്വദിക്കാനായി എത്തിയിരുന്നു.
രാവിലെ 6 മണിക്ക് തുടങ്ങിയ വിവിധ സംഘങ്ങളുടെ പുലിയൊരുങ്ങൽ അവസാനിച്ചപ്പോഴേക്കും മണി 3 കഴിഞ്ഞിരുന്നു.

ദേഹത്തിലെ രോമങ്ങളെല്ലാം വടിച്ച് കളഞ്ഞ് വിവിധ ചായങ്ങൾ തേച്ച് പിടിപ്പിച്ച് ഫാനിനു മുന്നിൽ ചായം ഉണങ്ങാനായി ഇരിക്കണം.

പുലിജന്മമെടുത്ത് ആർമ്മാദിക്കാൻ പ്രായഭേദമന്യേ കുട്ടികളും വയസ്സന്മാർ വരെ തയ്യാർ. മെയ്യെഴുത്തിന് ഇരിക്കുന്ന കുഞ്ഞുപുലി.
എങ്കിലും കുടവയറന്മാർക്ക് വലിയ ഡിമാന്റാണ്. ഇത്ര മനോഹരമായി പുലികളെ ഒരുക്കുന്ന കലാകാരന്മാരെ മറക്കാതെ വയ്യ.
“തീപ്പെട്ടിയുണ്ടോ പുലിസഖാവേ ഒരു ബീഡിയെടുക്കാൻ”
പുലിയാണെങ്കിലും രണ്ട് പുകയെടുത്തിട്ടാവാം അടുത്ത പരിപാടി.
മരത്തിൽ കയറിയ പുലി വെല്ലുവിളിക്കുകയാണോ?
ഇതാണ് പുലി’യോഗ’.

ഒരു കരിമ്പുലി തയ്യാറെടുക്കുന്നു.

കൂട്ടിലടച്ച പുലിയല്ല, ശരീരത്തിലെ പെയിന്റ് ഉണങ്ങാനായി കാത്തിരിക്കുന്ന പുലിയാ.
പുലിമുഖങ്ങൾ.

സ്വരാജ് റൗണ്ടിലേക്ക് വാദ്യങ്ങളുടെ അകമ്പടിയോടെ ഓരോ ദേശക്കാരുടെ പുലികളുടെ വരവായി.
ഇപ്രാവശ്യം തൃശ്ശൂരിന്റെ സമീപത്തുള്ള കാനാട്ടുകര, വെളിയന്നൂർ, കീരംകുളങ്ങര, വിയ്യൂർ, സീതാറാം മിൽ ലെയിൻ, പൂങ്കുന്നം സെന്റർ, തൃക്കുമാരക്കുടം, ഒരുമ പെരിങ്ങാവ്, ചക്കാമുക്ക്, തുടങ്ങി പത്ത് പുലിക്കളി സംഘമാണ് ഇതിൽ പങ്കെടുത്തത്. ഓരോ സംഘത്തിലും നാല്പ്പൊന്നു മുതൽ അമ്പൊത്തൊന്നുവരെ പുലികൾ ഉണ്ടാവും.
പുലിക്കളി തുടങ്ങുന്നതിനു മുൻപായി സ്വരാജ് റൗണ്ടിലെ നടുവിലാലിൽ തേങ്ങ എറിഞ്ഞുടയ്ക്കാനായി പുലികൾ വരിവരിയായ് നടന്നുനീങ്ങുന്നു. വൈകീട്ട് നാലരയോടെ സ്വരാജ് റൗണ്ടിൽ എത്തിയ പുലിസംഘങ്ങൾ രാത്രി ഒമ്പത് മണിവരെയും ഇടക്കിടെയുള്ള ചാറ്റൽ മഴയെ വകവെക്കാതെ തകർത്താടി.
വെള്ളപ്പുലി, പുള്ളിപ്പുലി, കരിമ്പുലി, വെള്ളിപ്പുലി, ഫ്ലൂറസെന്റ് പുലി, വരയൻ പുലി തുടങ്ങി വിവിധ വർണ്ണങ്ങളിലും ഡിസൈനിലുമുള്ള പുലികൾ.
അരമണിയണിഞ്ഞ് ചെണ്ടമേളത്തിനൊത്ത് നൃത്തം ചവിട്ടുന്ന പുലികൾ.
കുടവയറൻ പുലിയും മറ്റു പുലികളും നഗരം കീഴടക്കിയപ്പോൾ.
(തുടരും)