വലയില്‍ കുടുക്കുന്ന സുന്ദരിമാര്‍.
വലയില്‍ കുടുക്കുന്ന സുന്ദരിമാര്‍.
ഇതിന് മുമ്പ് നാം കുറെ സുന്ദരികളായ നെറ്റ്വര്ക്കിംഗ് എക്സിക്കൂട്ടീവുമാരെ ഇവിടെ പരിച്ചയപ്പെട്ടതല്ലേ.
ഇനി വലവിരിച്ച് ഇരയെ കുരുക്കുന്ന കുറെ സുന്ദരിമാരെ പരിചയപ്പെടാം. വിഷകന്യകമാരെ. സുന്ദരികള്‍ എന്ന് കേട്ട് തെറ്റിദ്ധരിക്കല്ലേ. രണ്ടു കാലും കൈയ്യുമുള്ള സുന്ദരികളുടെ കാര്യമല്ല. എട്ടു കാലുള്ളവരെക്കുറിച്ചാണു കാര്യങ്ങള്‍. അതെ എട്ടുകാലികളെക്കുറിച്ച്...
കറുപ്പും മഞ്ഞയും ഇടകലര്‍ന്ന കുത്തും വരകളുമുള്ള ഈ ചിലന്തിയുടെ ശരിയായ പേര് നിശ്ചയമില്ല. ഇത് കുറച്ചുകൂടെ വലുതാവുമ്പോള്‍ ആകൃതിക്ക് വ്യത്യാസം വരാറുണ്ട്. ശ്രദ്ധിച്ചു നോക്കിയാല്‍ ചുവന്ന ഒരു ഉറുമ്പുപോലെ ഒരാളെ കാണുന്നില്ലെ. അത് മിക്കവാറും ആണ്ചിലന്തിയാകാനാണ് സാധ്യത.
വലയില്‍ ഒരു സര്‍ക്കസ്. വല നിര്‍മ്മാണത്തില്‍ മിടുക്കികളാണ് ഈ ചിലന്തികള്‍. ഒന്നൊന്നര മണിക്കൂറിനുള്ളില്‍ പണി പൂര്‍ത്തിയാക്കും.
സാധാരണഗതിയില്‍ ആണ് ചിലന്തിയേക്കാള്‍ എത്രയോ വലിപ്പമുള്ളതായിരിക്കും പെണ്‍ചിലന്തി. പെണ് ചിലന്തിയാണ് സാധാരണ വലനിര്‍മ്മാണം നടത്തുന്നത്. വളരെ നേര്‍ത്ത നീളമുള്ള ഒരു ചിലന്തിനൂല്‍ മുകലില്‍ നിന്നും താഴോട്ടിടുന്നു. ഇത് കാറ്റിന്റെ സഹായത്താല്‍ അടുത്തുള്ള ചെടിയിലോ മറ്റെന്ത്ങ്കിലും വസ്തുവിലോ ഒട്ടിപ്പിടിക്കും. ഇങ്ങനെ ഒന്നോ രണ്ടോ നൂല് പിടിപ്പിച്ച് കഴിഞ്ഞാണ് അതിലൂടെ സഞ്ചരിച്ച് ഇവര്‍ ശരിക്കും വലനിര്‍മ്മാണം തുടങ്ങുന്നത്.
ചില ചിലന്തികള്‍ക്ക് എട്ട് കണ്ണുകള്‍ ഉള്ളപ്പോള്‍ ചിലതിന് ആറും, ചിലതിന് നാലും രണ്ടും കണ്ണുകള്‍ കാണാന്‍ സാധിക്കും.
ചെറിയ ചാറ്റല്‍ മഴയുള്ളപ്പോള്‍ എടുത്ത ചിത്രമാണ് ഇത്. മഴത്തുള്ളികള്‍ ചിലന്തിയമ്മയുടെ കാലുകളില്‍ പറ്റിയിരിക്കുന്നത് ശ്രദ്ധിക്കൂ. ഇത് ഗോള്‍ഡന്‍ ഓര്‍ബ് വെബ് ചിലന്തിയാണെന്ന് സംശയം. കൂടുതല്‍ അറിയാവുന്നവര്‍ പറയുമല്ലോ.വെബ് മാസ്റ്റര്‍. വലനെയ്ത് ആശാത്തി. പ്രകൃതിയിലെ യഥാര്‍ത്ത വല നെയ്യുന്നവര്‍.
പെണ് ചിലന്തിയുടെ വലക്കു ചുറ്റും വളരെ ചെറിയ ആകാരമുള്ള ആണ് ചിലന്തികള്‍ ആകര്‍ഷിക്കപ്പെടാനായി കറങ്ങിനടക്കുന്നു.ഏകദേശം നാല്‍പ്പതിനായിരം വിവിധ വര്‍ഗ്ഗത്തിലുള്ള ചിലന്തികളുണ്ടത്രേ. ഇതില്‍ ചിലതെല്ലാം വിഷമുള്ളവയാണ്. ഇര കുടുങ്ങിയാല്‍ വിഷം കുത്തിവെച്ച് അതിനെ നിശ്ചലമാക്കുന്നു. പിന്നെ പതുക്കെ ഭോജ്യം. ചിലന്തിയുടെ വിഷം ആര്‍ത്രൈറ്റിസ് ചികിത്സക്ക് ഉപയോഗപ്പെടുത്താറുണ്ടത്രേ.
എട്ടുകാലി വര്‍ഗ്ഗങ്ങളില്‍ ‘ബ്ലാക് വിഡോ സ്പൈഡര്‍’, റെഡ്ബാക്ക് സ്പൈഡര്‍’ എന്നിവ ഇണ ചേരലിനു ശേഷം പെണ് ചിലന്തി ആണ് ചിലന്തിയെ കൊല്ലുകയോ ഭക്ഷിക്കുകയോ ചെയ്യാറുണ്ട്. ചില ചുള്ളന്മാര് ഈച്ച, പാറ്റ തുടങ്ങിയവ സംഭോഗത്തിനുമുന്പേ ലവള്‍ക്ക് കൊടുത്ത് കാര്യം കഴിഞ്ഞ് തടിയൂരിപ്പോവാറുണ്ട്.
വലയുണ്ടാക്കി കാത്തിരുന്നത് വെറുതെയായില്ല. ഒരു ചെത്ത് പയ്യന് ചിത്രശലഭത്തെയല്ലെ അവള് വലയില്‍ കുരുക്കിയത്. നല്ലൊരു സദ്യ ഒത്തുകിട്ടിയതല്ലേ. ഇനി കുറെ ദിവസത്തേക്ക് കുശാലായി. വലത്ത് മുകളില്‍ ഇണക്കാരന് (ഉറുമ്പിന്റെ സൈസില്‍) ഇരിക്കുന്നത് കണ്ടില്ലേ.
കയറില്‍ തൂങ്ങി ഒരു സര്‍ക്കസ്. ആണാണെന്ന് പറഞ്ഞിട്ടെന്താ കാര്യം. ഒരു ഉറുമ്പിന്റെയത്ര വലിപ്പമേയുള്ളൂ. ചില വര്‍ഗ്ഗങ്ങളില്‍ ആണ് ചിലന്തിയേക്കാള്‍ 1000 ഇരട്ടി വരെ വലിപ്പമുണ്ടാകുമത്രെ പെണ് ചിലന്തിക്ക്. ആനപ്പുറത്ത് അണ്ണാന് കയറിയപോലെ. ചിലപ്പോള്‍ പെണ് ചിലന്തി അറിഞ്ഞുപോലും കാണില്ല.
ഇത് ഇച്ചിരി വലിപ്പം കൂടിയ ഇനമാ. അല്ലാ മൂത്ത ഇനമാ. വലക്കപ്പുറത്തുനിന്നും ഒരു കാഴ്ച.
കംബോഡിയ, തായ്ലന്റ് എന്നീ രാജ്യങ്ങളീല്‍ ചിലയിനം എട്ടുകാലി ഫ്രൈ വളരെ വിശിഷ്ടഭോജ്യമത്രേ.ഇതാണ് അവളുടെ തനിസ്വരൂപം. കണ്ടിട്ട് ഒരു ഭയങ്കരിയെപ്പോലുണ്ട്. വളരെ ശക്തമായ വലയാണ് ഈ തരം ചിലന്തികള്‍ നിര്‍മ്മിക്കുന്നത്. അതോ ഇനി വെബ് ഹാക്കര്‍ ആണോ? കാമറ അടുത്ത് ചെന്നപ്പോള്‍ ഇത് അങ്ങോട്ടുമിങ്ങോട്ടും ഒരു ഓട്ടമൊക്കെ നടത്തിയതാ. വലിയ ആകാരവും കൂര്‍ത്ത നഖമുള്ള കാലുകളും കണ്ടപ്പോള്‍ ആക്രമിക്കുമോ എന്ന ശങ്ക കാരണം അവസാനം വടിയെടുത്ത് വകവരുത്തി. വിഷമുള്ളതാണെങ്കിലോ. വെറുതേ.. അല്ലാണ്ട് പേടിയുണ്ടായിട്ടല്ലാ.
*****
കുറച്ച് കൂടി സുന്ദരന്മാരെയും സുന്ദരിമാരെയും ചേര്‍ത്ത പോസ്റ്റ് അപ്പ്ഡേറ്റ് ചെയ്തത്:



