ആന്റപ്പനും ആന്റമ്മയും.
ആന്റപ്പനും ആന്റമ്മയും.
നമുക്കാദ്യം ആന്റപ്പനെ പരിചയപ്പെടാം. സുന്ദരനായ ആന്റപ്പന് ഉറുമ്പന്നൂരിലെ ഒരു ഹീറോ തന്നെയാണെന്ന് പറയാം. സുമുഖന്‍, ആപ്പിളിന്റെ നിറമുള്ള ശരീരം, കഠിനാധ്വാനി, കരുത്തന്, നല്ല മസിലുകള്‍, തന്നേക്കാള്‍ എത്രയോ അധികം ഭാരമുള്ള വസ്തുക്കളെ, 'ബ്രഹ്മചാരി' സില്മയില് മോഹന്‍ലാല്‍ ഫ്രിഡ്ജ് ചുമലിലേറ്റുന്ന ലാഘവത്തോടെ, എടുത്തുനടക്കുന്നവന്. ആന്റപ്പനോട് ഏറ്റുമുട്ടാന്‍ ആ നാട്ടിലാര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല.
ഏതൊരു പെണ്ണും കൊതിക്കുന്ന ആന്റപ്പനെ സ്വന്തമാക്കാന്‍ ആ നാട്ടിലെ യുവതികളായ ഉറുമ്പികളെല്ലാം കിണഞ്ഞു പരിശ്രമിച്ചെങ്കിലും ആന്റപ്പന് വീണില്ല. അങ്ങിനെയിരിക്കെയാണ് ഉറുമ്പചോല ദേശത്തുനിന്നും താമസത്തിനായി യുവതിയായ ആന്റമ്മയും മാതാപിതാക്കളും ഉറുമ്പന്നൂരില് എത്തിയത്. അംഗലാവണ്യം നിറഞ്ഞുനില്ക്കുന്ന സുന്ദരിയായ ആന്റമ്മക്ക് ആ നാട് വളരെയേറെ ഇഷ്ടപ്പെട്ടു.
അവിടമൊക്കെ ചുറ്റിക്കറങ്ങാനിറങ്ങിയ ആന്റമ്മ നമ്മുടെ ആന്റപ്പനെ വഴിയില്‍ വെച്ച് കണ്ടുമുട്ടി. ആദ്യനോട്ടത്തില്‍ തന്നെ കണ്ണും കണ്ണും ഉടക്കി. ഇമ വെട്ടിയും വെട്ടാതെയും അവര്‍ പരസ്പരം നോക്കിനിന്നു. 'കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറും അനുരാഗമേ' എന്ന ജയന്-സീമ ഗാനം പാശ്ചാത്തലത്തില്‍ മുഴങ്ങിയോ. ഇതുവരെ ഒരു പെണ്ണിനും കൈമാറാത്ത ആന്റപ്പന്റെ ഹൃദയം ആന്റമ്മക്കുവേണ്ടി ടപ്പ് ടപ്പ് എന്ന് വേഗത്തില്‍ തുടിക്കാന്‍ തുടങ്ങി. സ്വതവേ ചുവന്നു തുടുത്ത ആന്റമ്മയുടെ കവിളുകള്‍ നാണത്താല്‍ ഒന്നുകൂടി തുടുത്തു. ലപ്പ് അറ്റ് ഫസ്റ്റ് സൈറ്റ്. നാണത്താല്‍ ഇടക്ക് തിരിഞ്ഞു നോക്കി കടക്കണ്ണിട്ട് നോക്കി ആന്റമ്മ കടന്നുപോയി.
ആന്റമ്മദര്ശനത്തിനു ശേഷം ആന്റപ്പന്റെ മനസ്സാകെ ഇളകിയിരിക്കയാണ്. വിശപ്പില്ല, വേണ്ടത്ര ഉറക്കമില്ല. ആന്റമ്മയെ തന്നെ ഓര്‍ത്ത് കിടക്കും. അവളെക്കുറിച്ചുള്ള സുന്ദരസ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങി. ഒന്നു മനസ്സിലായി. തനിക്കു പറ്റിയ ഇണ അവള് തന്നെ, അവള് മാത്രം. അവളുടെ നിതംബഭംഗിയും നീണ്ട കൈകാലുകളും പവിഴാധരങ്ങളും ആന്റപ്പനച്ചായന്റെ മനസ്സില്‍ നിന്നും മായുന്നില്ലാ. എങ്ങനെയെങ്കിലും അവളെ സ്വന്തമാക്കണം. ആന്റപ്പന് കണ്ണാടിയില്‍ നോക്കി മസിലുപിടിച്ച് തന്റെ ശരീര സൗന്ദര്യം ആസ്വദിച്ചു.
അവിടെ, ആന്റമ്മയുടെയും സ്ഥിതി ഏകദേശം ഇതൊക്കെതന്നെയായിരുന്നു. പകല്‍ക്കിനാവു കാണല്‍, കണ്ണാടിക്കുമുന്നില്‍ ഏറെ നേരം നിന്ന് അണിഞ്ഞൊരുങ്ങല്, മൂളിപ്പാട്ടുപാടല് ഇത്യാദി വഹകള്‍.
ഒരു ദിവസം, താന്‍ ശേഖരിച്ചുവെച്ച പഞ്ചാരത്തരികളുമായി ആന്റപ്പന് ആന്റമ്മയെ കാണാനായി പുറപ്പെട്ടു. അതാ, ആന്റമ്മ തോട്ടിന്കരയില്. ആന്റപ്പന്റെ ഹൃദയം പടപടാന്നു മിടിച്ചുതുടങ്ങി. കാണാന്‍ കൊതിച്ചിരുന്ന ആന്റപ്പനെ കണ്ട മാത്രയില്‍ ആന്റമ്മ നാണം കൊണ്ടു പുളകമണിഞ്ഞുപോയി. അടുത്തെത്തിയ ആന്റപ്പന് താന്‍ കൊണ്ടുവന്ന സ്നേഹോപഹാരമായ പഞ്ചാരത്തരികള്‍ ആന്റമ്മക്ക് സമ്മാനിച്ചു. എന്നിട്ടു പറഞ്ഞു.. "ആ..ആ.. ആന്റമ്മാ, ഐ ഐ ലവ് യൂ" . കേള്‍ക്കാന്‍ കൊതിച്ചിരുന്ന വാക്കുകള്‍ കേട്ട് ലജ്ഞാവതിയായി ആന്റമ്മ മൊഴിഞ്ഞു.. "ആന്റപ്പന് ചേട്ടാ..എനിക്കും ചേട്ടനെ ഇഷ്ടമാ". ഓണ്‍ലൈന്‍ ലോട്ടറിയടിച്ചപോലെ ആന്റപ്പന് സന്തോഷം കൊണ്ട് തുള്ളിച്ചാടി, ആന്റമ്മയുടെ കൈപിടിച്ച് പറഞ്ഞു " ഞാന്‍ ഭാഗ്യവാനാണ്, ഇത്രേം സുന്ദരിയായ ആന്റമ്മക്ക് എന്നോട് ഇഷ്ടം തോന്നിയതില്‍"(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്കുക)
പിന്നീട് അവര്‍ സ്നേഹം കൊണ്ട് എന്തൊക്കെയോ മൊഴിഞ്ഞു. ആന്റമ്മയുടെ കവിളുകള്‍ കൂടുതല്‍ തുടുത്തുതുടങ്ങി. അവര്‍ ആലിംഗനബദ്ധരായി ചുടുചുംബനങ്ങള്‍ പരസ്പരം കൈമാറി.
അങ്ങനെ ഒരു ഉറുമ്പുപ്രണയം കൂടി പൂവണിഞ്ഞു.
ശുഭം.